കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ ധർമ്മടത്തിന് ചെറുപ്പമാണ്. 2008 ലാണ് ധർമ്മടം നിയമസഭാമണ്ഡലം നിലവിൽ വന്നത്. 2008 ലെ നിയമസഭാ പുനർനിർണയം ആയിരുന്നു ധർമ്മടം നിയമസഭാ മണ്ഡലത്തിന്റെ പിറവിയ്ക്ക് കാരണം ആയത്.
എടക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നിവയാണ് ധർമ്മടം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തുകൾ. നേരത്തെ ഈ പഞ്ചായത്തുകൾ എടക്കാട്, തലശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങളുടെ ഭാഗം ആയിരുന്നു. 2021 ലെ കണക്കുകൾ പ്രകാരം രണ്ട് ലക്ഷത്തിലധികം വോട്ടർമാർ മണ്ഡലത്തിലുണ്ട്. കണ്ണൂർ ലോക്സഭാമണ്ഡലത്തിന് കീഴിലാണ് ധർമ്മടം നിയമസഭാമണ്ഡലം വരുന്നത്.
ഇതുവരെ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് ധർമ്മടം സാക്ഷിയായിട്ടുള്ളത്. മൂന്നിലും മണ്ഡലം എൽഡിഎഫിനോട് ചേർന്ന് നിന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമാണ് ധർമ്മടം. 2016 ലും 2021 ലും അദ്ദേഹം ധർമ്മടത്ത് ജയിച്ചു. 2011 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ.കെ നാരായണൻ ആയിരുന്നു വിജയിച്ചത്. അങ്ങിനെ ചുവപ്പ് കോട്ടയായി ധർമ്മടം തുടരുന്നു.
ഇടതുപക്ഷത്തിനെതിരെ മത്സരിച്ച യുഡിഎഫിനും ബിജെപിയ്ക്കും ശക്തമായ തിരിച്ചടിയായിരുന്നു മൂന്ന് തവണയും ലഭിച്ചത്. സിപിഎം ഉയർത്തുന്ന വമ്പിച്ച ഭൂരിപക്ഷത്തെ ചെറുക്കാൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല. 95,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ വിജയിച്ചത്. എങ്കിലും ഇക്കുറി ചുവപ്പ് കോട്ട തകർക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎയും, യുഡിഎഫും.
ഇക്കുറിയും പിണറായി വിജയനാണ് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി. നാമനിർദ്ദേശപത്രിക സമർപ്പിച്ച അദ്ദേഹം ഇപ്പോൾ തന്നെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. അബ്ദുൾ റഷീദാണ് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയ്ക്കായി ഇക്കുറി മണ്ഡലം പിടിയ്ക്കാൻ ഒരുങ്ങുന്നത് കെ.രഞ്ജിത്താണ്. മൂന്നാമതും മുഖ്യമന്ത്രിസ്ഥാനം മനസിലുറപ്പിച്ചാണ് പിണറായി വിജയൻ അംഗത്തിനൊരുങ്ങുന്നത്. ചുവപ്പിന്റെ ആധിപത്യം ഇല്ലാതാക്കുകയാണ് മറ്റ് രണ്ട് മുന്നണികളുടെയും ലക്ഷ്യം. അതിനാൽ തന്നെ ശക്തമായ മത്സരത്തിന് ആയിരിക്കും ഇക്കുറിയും ധർമ്മടം സാക്ഷ്യം വഹിക്കുക.

