തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 3.20 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഭൗതികദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലുണ്ട്.
കേരളം കണ്ട ശക്തനായ കമ്യൂണിസ്റ്റ് നേതാവ് ആയിരുന്നു വി.എസ് അച്യുതാനന്ദൻ. 1923 ഒക്ടോബർ 20 ന് ആലപ്പുഴയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെന്തലത്തറ വീട്ടിൽ ശങ്കരനും ഭാര്യ അക്കാമ്മയുമാണ് മാതാപിതാക്കൾ. വളരെ ചെറുപ്പത്തിലേ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായിരുന്നു. 17ാം വയസ്സിലായിരുന്നു വിഎസിന്റെ രാഷ്ട്രീയ രംഗത്തേയ്ക്കുള്ള പ്രവേശനം.

