കൊല്ലം : ഇരവിപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെച്ചൊല്ലി ആർഎസ്പിയിൽ ഉടലെടുത്ത തർക്കം സമവായത്തിലെത്തി. ഇന്ന് ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കാർത്തികിനെ മത്സരിപ്പിക്കുന്നതിനെതിരെ ഷിബു ബേബി ജോൺ വിഭാഗം നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സമവായ സ്ഥാനാർത്ഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെ സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു.
ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രനുമെതിരെ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്. നേതാക്കൾ തമ്മിലുള്ള തർക്കം പാർട്ടിയുടെ അച്ചടക്കത്തെയും ഐക്യത്തെയും ബാധിക്കുന്ന ഘട്ടത്തിലെത്തിയെന്നായിരുന്നു വിമർശനം. കുടുംബത്തിനുവേണ്ടി മാത്രം നിലകൊണ്ടതിന് എൻ.കെ. പ്രേമചന്ദ്രനെ ഒരു വിഭാഗം വിമർശിച്ചു. സ്വന്തം മകൻ ഇരവിപുരത്ത് മത്സരിക്കണമെന്ന് പ്രേമചന്ദ്രൻ നിലപാട് സ്വീകരിച്ചത് ശരിയല്ലെന്നും ഒരു വിഭാഗം വിമർശിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഷിബു ബേബി ജോണിനും കടുത്ത വിമർശനം നേരിടേണ്ടി വന്നു.
ചവറയിലെ സ്ഥാനാർത്ഥി കൂടിയായ ഷിബു പാർട്ടിയെ രണ്ട് വിഭാഗങ്ങളാക്കി മാറ്റുന്നത് ശരിയല്ലെന്ന് നേതാക്കൾ പറഞ്ഞു. വിഭാഗീയത ഇല്ലാതാക്കാൻ ഉത്തരവാദിത്തമുള്ള ആളാണ് അദ്ദേഹമെന്നും പറയുന്നു. ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ കുന്നത്തൂരിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ഭദ്രൻ ആറ്റിങ്ങലിൽ ജനവിധി തേടും. മട്ടന്നൂരിന് പകരം വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം ആവശ്യപ്പെടാനും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

