തിരുവനന്തപുരം: ചങ്ങനാശേരിയിലെ മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻ എസ് എസ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഈ സമയത്ത് സന്ദർശനം ഉചിതമല്ലെന്നാണ് എൻ.എസ്.എസ്. അറിയിച്ചത് . സുരക്ഷാ ക്രമീകരണങ്ങൾ അസൗകര്യമുണ്ടാക്കുമെന്നും എൻ എസ് എസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ എൻ.എസ്.എസും ഉപരാഷ്ട്രപതിയുടെ ഓഫീസും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
ചങ്ങനാശേരി എൻ.എസ്.എസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ചങ്ങനാശേരിയിലാണ് ഉപരാഷ്ട്രപതി എത്തുക. പോലീസിന് ലഭിച്ച വിവരം അനുസരിച്ച്, ഉച്ചയ്ക്ക് 2:30 ഓടെ അദ്ദേഹം പെരുന്നയിലെ കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും . ആദ്യ ഷെഡ്യൂളിൽ, വിമാനമിറങ്ങിയ ശേഷം, കോളേജിലേക്ക് പോകുന്നതിന് മുമ്പ് ഉപരാഷ്ട്രപതി മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ , പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, ഉച്ചയ്ക്ക് 2.45 ഓടെ അദ്ദേഹം പെരുന്ന ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങി നേരിട്ട് കോളേജിലേക്ക് പോകും.
സ്മാരക സന്ദർശനത്തെക്കുറിച്ച് നേരത്തെ അറിയിച്ചിട്ടില്ലെന്നും ഹെലികോപ്റ്റർ ലാൻഡിംഗിന് മാത്രമേ അനുമതി ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും എൻഎസ്എസിന്റെ അനൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അനുമതി തേടി ഉപരാഷ്ട്രപതിയുടെ ഓഫീസ് വെള്ളിയാഴ്ച രാവിലെ എൻഎസ്എസിനെ ബന്ധപ്പെട്ടതായാണ് സൂചന . എന്നാൽ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് എൻഎസ്എസ് അറിയിച്ചു.

