ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും , കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും വ്യക്തമാക്കി ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം.തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട് . 2014 ൽ സുപ്രീം കോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് നിർദേശിക്കുകയും ചെയ്തു.
എന്നാൽ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികൾക്ക് അനുമതി നിഷേധിക്കുന്നത് തുടരുന്നതിനൊപ്പം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കേരള സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തെ തടയാൻ തമിഴ്നാട് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കും. കൂടാതെ അണക്കെട്ട് പ്രദേശത്ത് അറ്റക്കുറ്റപ്പണികൾ നടത്തുന്നതിനും, അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനും നടപടി സ്വീകരിക്കുമെന്ന് നയപ്രഖ്യാപനം പ്രസംഗത്തിൽ പറയുന്നു.
നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ്, ആദ്യം തമിഴ് തായ് ഗാനങ്ങളും പിന്നീട് ദേശീയ ഗാനവും ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് ഒഴിവാക്കി. തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പതിവ് പ്രസംഗം നടത്തിയത്. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ജാതി, മതം, പണം എന്നിവയ്ക്ക് അതീതമായ ഒരു പാർട്ടിയാണ് ടിവികെ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകളും പ്രസംഗത്തിൽ പരാമർശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു സർക്കാരാണ് തമിഴ്നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ മയക്കുമരുന്ന് ഒഴുക്ക് തടഞ്ഞില്ലെന്നും കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാണിതെന്നും ഗവർണർ ഡിഎംകെയെ ശക്തമായി വിമർശിച്ചു. കേന്ദ്രത്തിനെതിരായ വിമർശനം കൂടി വായിച്ച ഗവർണർ, ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.

