കോട്ടയം : ടിപ്പർ ഉടമകളിൽ നിന്നും , മണ്ണ് മാഫിയ സംഘങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാൻ വൈക്കം സിഐ ഷമീർ ഖാൻ ഉപയോഗിച്ചത് അസം സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് . മറ്റൊരു വ്യക്തിയുടെ മൊബൈൽ നമ്പർ യുപിഐ ഇടപാടുകൾക്കായി ഉപയോഗിച്ചതായും കണ്ടെത്തി. ഷമീർ ഖാന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഒരു മാസത്തിനുള്ളിൽ ഈ അക്കൗണ്ടിൽ എത്തിയത് 2.28 ലക്ഷം രൂപ ആണെന്നും, തൊട്ടുപിന്നാലെ അത് പിൻവലിക്കപ്പെടുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. മണ്ണ് മാഫിയയുമായി സിഐക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം ഷമീർ ഖാനെതിരെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം അഞ്ചിന് വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് അസം സ്വദേശിയുടെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഈ അക്കൗണ്ട് തുടങ്ങിയത്. ടിപ്പർ ലോറി ഉടമകളിൽ നിന്നും മണ്ണ് മാഫിയയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ അരുൺ എന്ന വ്യക്തിയുടേതാണ്.
ഏഴാം തീയതി മുതൽ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. വൈക്കത്തെയും കുറവിലങ്ങാട്ടെയും എടിഎമ്മുകളിൽ നിന്നാണ് ഈ പണം പിൻവലിച്ചത്. സിസിടിവി ക്യാമറകളിൽ പതിയാതിരിക്കാൻ, പണം പിൻവലിച്ചവർ മാസ്കും ഹെൽമെറ്റും ധരിച്ചിരുന്നതായാണ് വിവരം . പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് സംഘം ശേഖരിക്കുകയും ബാങ്കിൽ പരിശോധന നടത്തുകയും ചെയ്തു. ഇടപാടുകൾക്കായി ഉപയോഗിച്ച സിം കാർഡ് ഇട്ട മൊബൈൽ ഫോണും ഒരു എടിഎം കാർഡും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം വിജിലൻസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

