തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ മുൻ കരുതൽ സ്വീകരിക്കണമെന്നും, തുടർച്ചയായി അൾട്രാവയലറ്റ് രശ്മി ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപത്തിനും, നേത്രരോഗങ്ങൾക്കും , ചർമ്മ രോഗങ്ങൾക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത് . അതിനാൽ ഈ സമയങ്ങളിൽ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം .
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

