തിരുവനന്തപുരം : ആയിരങ്ങൾ പൊടിച്ച് ഉപ്പ് തൊട്ട് കർപ്പൂരം വരെ ഒരുക്കിയെങ്കിലും എന്തെങ്കിലുമൊന്ന് മറന്നോയെന്ന അങ്കലാപ്പിൽ ഉത്രാടപ്പാച്ചിലാണ് ഇന്ന് നാട് . സദ്യവട്ടത്തിനുള്ള സാധനങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ വാങ്ങാനുള്ള തത്രപ്പാടിലാണ് പലരും .
പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യ വട്ടങ്ങൾ വാങ്ങാൻ കടകളിലും ചന്തകളിലും വലിയ തിരക്കാണിന്ന് . ഗ്രാമങ്ങളിൽ പ്രത്യേക ചന്തകളും, സർക്കാരിന്റെ കൺസ്യൂമർഫെഡുമൊക്കെ ആൾത്തിരക്കിലാണ് . പൂക്കളം ഒരുക്കാനുള്ള വിവിധതരം പൂക്കൾ തേടി പൂക്കടകളിലും മലയാളികൾ കയറിയിറങ്ങുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മാത്രം 500 ടൺ പൂക്കളാണ് തോവാളയിൽ നിന്ന് വിറ്റഴിഞ്ഞത്. വാഴക്കുലകളും പച്ചക്കറികളുമായി അതിർത്തി കടന്ന് ലോറികൾ തുടർച്ചയായി എത്തുന്നുണ്ട്.
വസ്ത്രവ്യാപാരശാലകളിലും ഗൃഹോപകരണ വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോരക്കച്ചവടക്കാർക്ക് ഇരുട്ടടിയായി മഴയും ചിലയിടങ്ങളിൽ ശക്തമാകുന്നുണ്ട്. എങ്കിലും ഓണാഘോഷങ്ങളുമായി നാട്ടിൻപുറങ്ങളിൽ ക്ലബുകളും സജീവമാണ്. സംസ്ഥാനതല ഓണം വാരാഘോഷം ആരംഭിച്ചതോടെ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള രാജവീഥികളിലെ വൃക്ഷങ്ങളും മന്ദിരങ്ങളും ദീപങ്ങളിൽ കുളിച്ച് നിൽക്കുകയാണ്. വിവിധ സാംസ്ക്കാരിക പരിപാടികളും പല ദിവസങ്ങളിലായി നടക്കും.

