ശ്രീനഗർ : സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും ഉയരുന്ന തീവ്രവാദ ഭീഷണികൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള . ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം സുരക്ഷാ, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
നിയമപാലകരും സുരക്ഷാ ഏജൻസികളും അവയെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾ ഉയർത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് . ഇതിനായി പോലീസും രഹസ്യാന്വേഷണ ഏജൻസികളും വിഷയം ഗൗരവമായി അന്വേഷിക്കുകയും ഈ ഭീഷണി പോസ്റ്ററുകൾക്കും സന്ദേശങ്ങൾക്കും പിന്നിൽ ആരാണെന്ന് കണ്ടെത്തുകയും വേണം.
ജമ്മു കശ്മീരിലെ ക്രമസമാധാനപാലനത്തിന് തനിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ക്രമസമാധാനം എന്റെ നേരിട്ടുള്ള ഉത്തരവാദിത്തമല്ല, ഈ വിഷയം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് കൈകാര്യം ചെയ്യുന്നത് . ക്രമസമാധാനപാലനത്തിനുള്ള എന്റെ ഉപദേശം ഇതിനെ നിസ്സാരമായി കാണരുത് എന്നാണ്. ഇത് സമഗ്രമായി അന്വേഷിക്കണം.
ജമ്മു കശ്മീരിൽ ഭീകരത പൂർണ്ണമായും ഇല്ലാതാക്കിയെങ്കിൽ, ഈ ഭീഷണികൾ എവിടെ നിന്നാണ് വരുന്നത് . ഏകദേശം രണ്ടര വർഷങ്ങൾക്ക് മുൻപും കശ്മീരി പണ്ഡിറ്റ് ജീവനക്കാരെ ലക്ഷ്യം വച്ചിരുന്നു. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി നിലനിർത്താൻ പോലീസിന് വലിയ ഉത്തരവാദിത്തമുണ്ട് . മുൻപ് പണ്ഡിറ്റുകൾ ഭയത്തിലായിരിക്കുമ്പോൾ, താഴ്വര വിട്ടുപോകുന്നത് തടയാൻ അവരെ ട്രാൻസിറ്റ് ക്യാമ്പുകളിൽ ഒതുക്കി നിർത്താറുണ്ടായിരുന്നു. ഇന്ന് അതിനു പകരം, ഇന്റലിജൻസ് അടിസ്ഥാനമാക്കി തന്ത്രപരമായ അന്വേഷണം നടത്തണമെന്നും “ ഒമർ അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീർ ഡിജിപിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും ബുദ്ഗാമിലെയും അനന്ത്നാഗിലെയും പ്രദേശങ്ങൾ സന്ദർശിക്കുന്നത് സംബന്ധിച്ച് ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. യുഎൽസി എന്ന തീവ്രവാദ സംഘടനയുടെ പേരിലാണ് ഈ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് .
ഈ പോസ്റ്ററുകളുടെ ആധികാരികത സുരക്ഷാ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും, ഭീഷണികളെത്തുടർന്ന് നിരവധി കശ്മീരി പണ്ഡിറ്റ് ജീവനക്കാർ വീണ്ടും സുരക്ഷ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഭീഷണി ലഭിച്ച കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ജമ്മുവിലെ കോൺഗ്രസിന്റെ മുഖ്യ വക്താവ് രവീന്ദർ ശർമ്മ പറഞ്ഞു. ഈ ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ഭീഷണികൾ ഉയർന്നുവരുന്നത് ഇതാദ്യമല്ലെന്നും രവീന്ദ്ര ശർമ്മ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണിതെന്നും ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

