തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു . 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക. വിശദമായി ചോദ്യംചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് പോകുമെന്നാണ് സൂചന.
ഇന്നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കിയത് . അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. 10 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് .
ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലിനായി പത്തനംതിട്ടയിലെ ക്യാമ്പിലേക്ക് കൊണ്ടുപോകും. അതിനുശേഷം, തെളിവുകൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണ സംഘം നീങ്ങും. തെളിവുകൾ ശേഖരിക്കാൻ ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇതുവരെ മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടതും ആവശ്യമാണ്.
സ്വർണ്ണ മോഷണത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപേഷിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പലരിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പുറമേ, അഡ്മിനിസ്ട്രേറ്റീവ് പാനലും സഹായിച്ചിട്ടുണ്ട്.
എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് പോറ്റിയെ ചോദ്യം ചെയ്തത് . കിളിമാനൂരിനടുത്തുള്ള പുളിമാത്തിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത് .

