വട്ടവട: കനത്ത മഴയിൽ ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം . കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി ചിന്നമ്മാൾ (38) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനിടെ, തൊഴിലാളികൾ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഈ പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ‘യെല്ലോ അലർട്ട്’ നിലവിലുണ്ടായിരുന്നു. അതേസമയം, ഞായറാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇരു ജില്ലകളിലും ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.

