വർക്കല: പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു. വർക്കല അയിരൂർ പൂർണ്ണ പബ്ലിക്കേഷൻസിലെ ജീവനക്കാരിയും വർക്കല ചെറുകുന്നം സ്വദേശിയുമായ മീന മണികണ്ഠൻ (52) ആണ് മരിച്ചത് . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രിന്റിംഗ് പ്രസ്സിനുള്ളിൽ അപകടമുണ്ടായത്.
മീന ഇരുപത് വർഷത്തോളമായി പൂർണ്ണ പബ്ലിക്കേഷൻസിലെ ജീവനക്കാരിയാണ്. ജീവനക്കാരുടെ സുരക്ഷയ്ക്കായി, പ്രസ്സിനുള്ളിൽ സാരി ധരിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ, ഇന്ന് മീന സാരി ധരിച്ചാണ് എത്തിയത്. സുരക്ഷയ്ക്കായി സാരിക്ക് മുകളിൽ ഒരു കോട്ടും ധരിച്ചിരുന്നു.
അച്ചടി നടക്കുന്നതിനിടെ മീന സ്റ്റോർ റൂമിലേക്ക് പോയിരുന്നു. മുറിയിൽ നിന്ന് മടങ്ങുമ്പോൾ, മീനയുടെ സാരിയുടെ അറ്റം മെഷീനിൽ കുടുങ്ങി. തലയടിച്ച് തറയിൽ വീണ മീനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മണികണ്ഠനാണ് ഭർത്താവ്.

