തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അനുകൂലമായി സംസ്ഥാന സർക്കാർ അയച്ച കത്ത് വിവാദമാകുന്നു. . ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് സംസ്ഥാന ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് നൽകി . നടപടി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമെന്നാണ് കത്തിലെ പരാമര്‍ശം. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല.
ഭാവി നടപടിക്രമങ്ങൾക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, കത്ത് ‘സാധാരണ’മാണെന്ന് പറഞ്ഞ് ജയിൽ വകുപ്പ് വിവാദം തള്ളിക്കളഞ്ഞു. പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് വകുപ്പ് അറിയിച്ചു.
ടി.പി. വധക്കേസിലെ മൂന്ന് പ്രതികളെ അടുത്തിടെ ന്യൂ മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു . പ്രതികൾ പരോളിൽ പുറത്തിറങ്ങിയാൽ എന്തെങ്കിലും സുരക്ഷാ ഭീഷണിയുണ്ടോ എന്ന് അന്വേഷിക്കുന്നതിനുള്ള അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ കത്ത് എന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്.
ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത് എന്നിവരെ വിട്ടയ്ക്കാൻ നേരത്തെ സർക്കാർ നടത്തിയ ശ്രമം വിവാദമായതിനെ തുടർന്നാണ് ഉപേക്ഷിച്ചത്.. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്.

