ഈ അമ്മമനസിന് പൊക്കകുറവ് ഒരു പോരായ്മയായിരുന്നില്ല . സ്വന്തം കുഞ്ഞിനെ കൺകുളിർക്കെ കാണണമെന്ന ആഗ്രഹത്തിന് മേൽ ഒരു കുറവും സിമിയെ തളർത്തിയുമില്ല . രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയാണ് തൃശൂർ സ്വദേശിനിയായ സിമി. 95 സെന്റീമീറ്റർ (3.1 അടി) ഉയരമുള്ള അയ്യന്തോൾ സ്വദേശിയായ ഈ 36 കാരി ജൂൺ 23 നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 108 സെന്റീമീറ്റർ (3.5 അടി) ഉയരമുള്ള ആന്ധ്രാപ്രദേശ് സ്വദേശിനിയായ കാമാക്ഷിയുടെ മുൻ റെക്കോർഡ് മറികടന്നാണ് രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയെന്ന റെക്കോർഡ് സിമിയ്ക്ക് സ്വന്തമായത്.
1.685 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൃശൂർ സിമർ വനിതാ ആശുപത്രിയിൽ സിസേറിയൻ വഴിയാണ് പുറത്തെടുത്തത് . ഹൈ റിസ്ക് പ്രഗ്നൻസിയായതിനാൽ സിമിയുടെ കേസ് കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക മെഡിക്കൽ സംഘം തന്നെ അധികൃതർ രൂപീകരിച്ചിരുന്നു .
ഗർഭധാരണത്തിന് മുമ്പ് സിമിയുടെ ഭാരം 34 കിലോഗ്രാം ആയിരുന്നു. ഇത്രയും ഉയരം കുറഞ്ഞവരിൽ ശ്വാസകോശത്തിന് ശേഷിയും കുറവായിരിക്കും. സിമിക്ക് ശ്വാസതടസ്സം തുടങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തീസിയ നൽകുന്നതിലും പരിമിതിയുണ്ടായെങ്കിലും എല്ലാം പരിഹരിക്കാനായി” -ഡോ. ലിപി പറഞ്ഞു
അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് സിമി. കാഴ്ച്ചപരിമിതിയുള്ള പ്രഗേഷിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് സിമി വിവാഹം കഴിക്കുന്നത് . ഇന്ന് നിറഞ്ഞ മനസോടെ തങ്ങളുടെ പൊന്നോമനയെ ചേർത്ത് പിടിക്കുകയാണ് ഇരുവരും.

