ഇടുക്കി: തൃശ്ശൂർ വോട്ട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . 25 വർഷം മുമ്പ് മരിച്ചു പോയവരുടെ മൃതദേഹങ്ങളെ കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്തിയവരാണ് കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു . ഇടുക്കിയിലെ മൂലമറ്റത്ത് സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തും പാലക്കാടും മത്സരിച്ചിട്ട് ഞാൻ വിജയിച്ചില്ല. സ്വാധീനം ഇനി ഉണ്ടാക്കാനാകില്ലെന്ന് പറയപ്പെടുന്ന തൃശ്ശൂരിൽ നിന്ന് എനിക്ക് വിജയിക്കാൻ കഴിഞ്ഞെങ്കിൽ, അത് ദൈവം എന്റെ കൂടെയുള്ളതുകൊണ്ടാണ്. എല്ലാ കഥകളും കെട്ടിച്ചമയ്ക്കുന്നത്. പൂരം കലക്കി, ചെമ്പ് കലക്കി ഗോപി ആശാനെയും ആർഎൽവിയെയും കലക്കി ഇതിനെല്ലാം ശേഷം, വോട്ട് കലക്കി. 25 വർഷം മുമ്പ് മരിച്ചു പോയവരുടെ മൃതദേഹങ്ങളെ കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്തിയവരാണ് നിങ്ങളെ സേവിച്ചിരുന്നത് ,’ സുരേഷ് ഗോപി പറഞ്ഞു.
എയിംസ് വിവാദത്തിലും അദ്ദേഗം പ്രതികരിച്ചു. ‘തൃശ്ശൂർ എയിംസിന് അർഹതയുള്ള നാടാണ്. എവിടെയും ഭൂമി വാങ്ങിയിട്ട് പ്രയോജനമില്ല. മുഴുവൻ സംസ്ഥാനത്തിനും ഇതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ അത് തൃശൂരിൽ സ്ഥാപിക്കണം. 2015 മുതൽ എന്റെ നിലപാട് ഇതാണ്. ആലപ്പുഴയിലോ തമിഴ്നാട്ടിലോ എയിംസ് വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെളിയിച്ചാൽ ഞാൻ ജോലി ഉപേക്ഷിക്കും. തൃശൂരിൽ എയിംസ് സ്ഥാപിക്കാതിരിക്കാൻ സർക്കാർ ഇത്ര പിടിവാശി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,’ സുരേഷ് ഗോപി വ്യക്തമാക്കി.

