മലയാളിക്കിന്ന് പൊന്നിൻ തിരുവോണം. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. മഹാബലി തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം.
കേരളത്തിനകത്തും പുറത്തും പൂവീട്ട് സദ്യയൊരുക്കി ആഘോഷങ്ങളായി. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണാഘോഷം നടക്കുകയാണിന്ന്. അത്തം മുതൽ പത്ത് ദിവസം വരെ പൂക്കളമിട്ടാണ് ആഘോഷങ്ങൾക്ക് തുടക്കം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം.
ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികൾ നഷ്ടമാക്കാറില്ല.ഓണം മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഉത്സവമാണ്. പൂക്കളവും പുലികളിയും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്നത്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്തുന്നതിന് വേണ്ടിയാണെന്നും ഐതിഹ്യമുണ്ട്.

