തലശേരി ; തലശേരിയിൽ 110 പവൻ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ . വൻ കവർച്ചാ സംഘത്തിലെ അംഗങ്ങളായ നേപ്പാൾ സ്വദേശി ഗോപാൽ ( 32) അസം സ്വദേശി ദെബോജിത് (35 )എന്നിവരാണ് പിടിയിലായത്. തലശേരി നഗരത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്ന് സ്വർണത്തിന് പുറമെ പണവും മൊബൈൽ ഫോണുകളും വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്.
ചെന്നൈയിൽ മോഷണം നടത്തിയ ശേഷം സ്വർണ്ണം കേരളത്തിൽ വിൽക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇവർ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. നഗരത്തിൽ നടത്തിയ സാധാരണ പരിശോധനയ്ക്കിടെ ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മധുരയിൽ ഇന്നലെ നടന്ന ആഭരണശാലയിലെ കവർച്ചയുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

