ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോഡയ്ക്കെതിരെ വിമർശനം. മോദിയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്നും, അദ്ദേഹം തന്റെ സുഹൃത്താണെന്നുമാണ് കഴിഞ്ഞ ദിവസം സാം പിത്രോഡ പറഞ്ഞു . അതിന് നന്ദി പറഞ്ഞ് മോദിയും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും, അനുഭാവികളും തന്നെ സാം പിത്രോഡയ്ക്കെതിരെ രംഗത്തെത്തിയത്.
പ്രധാനമന്ത്രിയെ പ്രശംസിച്ചത് സാം പിത്രോഡ പാർട്ടി മാറാൻ പോകുന്നതിന്റെ സൂചയാണെന്നാണ് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായി അഭിപ്രായപ്പെട്ടത് . എന്നാൽ ഹുസൈൻ ദൽവായിയ്ക്ക് സമനില തെറ്റിയെന്നാണ് സാം പിത്രോഡയുടെ പ്രതികരണം . ‘ അദ്ദേഹത്തിന് നാണമില്ലേ , ഞാൻ ഒരിക്കലും കോൺഗ്രസ് വിട്ടു പോകില്ല ‘ എന്നും പിത്രോഡ പറഞ്ഞു.
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ പരസ്പരം ആശംസകൾ കൈമാറിയതിൽ എന്തിനാണ് ഇത്ര വലിയ ബഹളം , വ്യക്തിപരമായ തലത്തിൽ ഞങ്ങളുടെ ആശയങ്ങളും, രാഷ്ട്രീയ നിലപാടുകളും വ്യത്യസ്തമാണെങ്കിലും, അദ്ദേഹം എൻ്റെ ഒരു സുഹൃത്തും എന്നെ നന്നായി സ്നേഹിക്കുന്ന എന്റെ സുഹൃത്തുമാണ് . ഇന്നും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ സന്തോഷത്തോടെ സംസാരിക്കാനും തമാശകൾ പങ്ക് വയ്ക്കാനും എനിക്ക് മടിയുണ്ടാകില്ല .ഞാനൊരു ഗാന്ധിയനാണ്. അദ്ദേഹം കഠിനാധ്വാനിയും മികച്ച വാഗ്മിയുമാണ് പിന്നെന്തിനാണ് ഇത്രയധികം കോലാഹലങ്ങൾ “ എന്നും സാം പിത്രോഡ പറഞ്ഞു.

