തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരെ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ്-ജയിലിൽ വച്ച് ഇന്ന് രാവിലെ തന്ത്രിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
പരിശോധനയ്ക്കിടെ രാജീവരുടെ രക്തസമ്മർദ്ദം ഉയർന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു . ഇസിജിയും ,മറ്റ് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. ഈ സാഹചര്യത്തിൽ, തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതാണ് അനുയോജ്യമെന്നും ജനറൽ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞിരുന്നു. തുടർന്നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.
ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ഭക്ഷണം വിളമ്പാൻ സെല്ലിൽ എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെടുന്നതായി തന്ത്രി അവരോട് പറഞ്ഞത് . തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് കോടതി ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചിരുന്നു. ഇന്നലെ ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിൽ, രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നുണ്ടെന്ന് തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന വൈദ്യപരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ടായിരുന്നു.

