തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ശാരീരികാസ്വസ്ഥ്യമെന്ന് റിപ്പോർട്ട് . അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി . നിലവിൽ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് തന്ത്രി .ഇന്നലെ ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയ്ക്കിടെ, രക്തസമ്മർദ്ദം, പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യസ്ഥിതികളെക്കുറിച്ച് തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു.
തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന വൈദ്യപരിശോധനാ റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിച്ചിരുന്നു . ശ്രീകോവിലിൽ നിന്ന് സ്വർണ്ണം പൂശിയ പാളികളും പ്രഭാമണ്ഡലവും മോഷണം പോയ കേസിലാണ് കണ്ഠരര് രാജീവരരെ (66) അറസ്റ്റ് ചെയ്തത് . കേസിലെ 13-ാം പ്രതിയാണ് അദ്ദേഹം.
ശബരിമലയിൽ പരമ്പരാഗതമായി താന്ത്രിക അവകാശങ്ങൾ വഹിക്കുന്ന ചെങ്ങന്നൂരിലെ താഴമൺ കുടുംബത്തിൽ പെട്ടയാളാണ് രാജീവര് . സ്വർണ്ണ മോഷണത്തിന് ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയാണെന്നും പോറ്റിക്ക് മൗനാനുവാദം നൽകിയെന്നും എസ്ഐടി പറഞ്ഞു. അദ്ദേഹത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

