അവതാരകഥകൾ പറഞ്ഞ് വീഥികളെ ഭക്തിലഹരിയിൽ ആറാടിക്കാൻ ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ കുസൃതികളും, കളിചിരികളും മനസിൽ നിറയുന്ന ദിനം . ഭഗവാന്റെ ജനനവും, കംസനിഗ്രഹവും, കൃഷ്ണലീലകളും, സ്വർഗാരോഹണവുമൊക്കെയായി നാട് മിഥിലാപുരിയാകുന്ന ദിനമാണിന്ന്. കണ്ണന്റെ കഥ പറയാൻ കൊതിക്കുന്ന നാവുകളും, കേള്‍ക്കാന്‍ കൊതിക്കുന്ന കാതുകളുമായി ഭക്തർ ഒരുമിച്ചെത്തുന്ന ദിനം.
കാളിന്ദിയിൽ പത്തി വിടർത്തി ആടിയ കാളിയൻ എന്ന അധർമ്മത്തെ ചവിട്ടിതാഴ്ത്തി വിജയത്തിന്റെ പാഞ്ചജന്യം മുഴക്കിയ ശ്രീകൃഷ്ണന്റെ ജനനകഥ എന്നും ഒരു ഓർമ്മപ്പെടുത്തലാണ് . അധർമ്മത്തെ തുടച്ചു നീക്കി ധർമ്മം പുനസ്ഥാപിക്കാൻ ഭഗവാൻ പല രൂപങ്ങളിൽ അവതരിക്കുമെന്ന ഓർമ്മപ്പെടുത്തൽ.
ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും നേതൃത്വത്തിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്.
അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങളും ഒരുങ്ങി.ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, പാൽപായസ പൊങ്കാല, ഉറിയടി, ഘോഷയാത്ര, ജന്മാഷ്ടമി പൂജ, കലാപരിപാടികൾ എന്നിവ നടക്കും

