കൊൽക്കത്ത ; ടിഎംസി ഓഫീസിൽ നടന്ന അക്രമത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. “ടിഎംസിക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ന്യൂഡൽഹിയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് പുറത്ത് പ്രതിഷേധിക്കും.കൊൽക്കത്തയിലെ ഞങ്ങളുടെ പാർട്ടി ഓഫീസിൽ നടന്ന അക്രമത്തെ ഞങ്ങൾ അപലപിക്കുന്നു.”മമത ബാനർജി പറഞ്ഞു.
കൊൽക്കത്ത പോലീസിനെ ഉപയോഗിച്ച് ബിജെപി ഞങ്ങളുടെ രേഖകളും ഉപകരണങ്ങളും കൊള്ളയടിക്കുകയും ഓഫീസ് നശിപ്പിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ക്രമസമാധാന നില ഇതാണെങ്കിൽ, ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി എങ്ങനെയായിരിക്കും.സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു . വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും ‘ – മമത ആരോപിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് ഒരു സംഘം ആളുകൾ കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റ് പാർട്ടി ഓഫീസ് തകർത്തതെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. മാസ്കുകളും, ഹെൽമറ്റും ധരിച്ചവർ ഓഫീസിനുള്ളിൽ കടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അക്രമത്തിന്റെ പേരിൽ ബിജെപിയെ പഴിചാരുകയാണ് മമത.

