തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസിലെ അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനിരിക്കെയാണ് എസ്ഐടിയുടെ നീക്കം. 2025-ൽ കൊണ്ടുപോയ സ്വർണ്ണ പാളികളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ചോദിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ . എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ നീണ്ടുനിന്നു.
2025-ൽ സ്വർണ്ണ പാളികൾ കൈമാറുന്നതിൽ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ എസ്ഐടി പദ്ധതിയിടുന്നുണ്ട് . ഒമ്പത് പേർക്ക് ഇത് കൈമാറുന്നതിൽ പങ്കുണ്ടെന്നും നിയമങ്ങൾ ലംഘിച്ച് 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ശബരിമല സ്വർണ്ണ മോഷണ കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്, 2019 ലെ സ്വർണ്ണ മോഷണം മറയ്ക്കാൻ ദ്വാരപാലക പാളികൾ 2025 ൽ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ്. 2025 ൽ സ്വർണ്ണ പാളികൾ കൈമാറുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുൻ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
2025 ആയപ്പോഴേക്കും സ്വർണ്ണത്തിന്റെ നിറം മങ്ങിയിട്ടും, ദേവസ്വം ബോർഡ് അന്വേഷിക്കാൻ തയ്യാറാകാതെ വാറന്റി ഉണ്ടെന്ന് പറഞ്ഞ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായും എസ്ഐടി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു.

