ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടത്തിയ ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ. ഇനി ഹൈക്കമാൻഡ് തീരുമാനം പറയാൻ മാത്രമേ ബാക്കിയുള്ളൂവെന്നും വി ഡി സതീശൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കമാൻഡിന് ഒരു പ്രോസസ്സ് ഉണ്ട്. ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത്. ആർക്കുവേണ്ടിയും പ്രകടനങ്ങൾ നടത്തരുത് .കോൺഗ്രസ് നേതാക്കളെയും വോട്ട് ചെയ്ത ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. പാർട്ടിയും ജനങ്ങളുമാണ് പരമപ്രധാനം. രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട്പോകാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.
ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എല്ലായിടത്തുനിന്ന് നീക്കം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

