ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഏറ്റുമുട്ടലിനിടെ ഇന്ത്യൻ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റാഫേൽ വിമാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ഇന്ത്യൻ വ്യോമസേനയുടെ രേഖകൾ കാണിക്കുന്നു. ഓപ്പറേഷനിൽ ഇന്ത്യൻ റാഫേൽ ജെറ്റ് നശിപ്പിച്ചതായി പാകിസ്ഥാൻ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു . എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും അവർക്ക് ഹാജരാക്കാനായില്ല.
റാഫേലിന്റെ പ്രവർത്തന ക്ഷമതയുമായി ബന്ധപ്പെട്ട് “ബ്രിഡ്ജ് സപ്പോർട്ട്” പാക്കേജിനായി ഇന്ത്യൻ വ്യോമസേന ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിനുകൾക്ക് പ്രൊപ്പോസൽ നൽകിയിരുന്നി. ഇതിൽ ഇന്ത്യ ഏറ്റെടുത്ത 36 റാഫേൽ വിമാനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് രേഖയിൽ പറയുന്നു.
സാങ്കേതിക അറ്റകുറ്റപ്പണികൾക്കും വിമാനത്തിന്റെ തുടർച്ചയായ സേവനക്ഷമതയ്ക്കുമായാണ് സപ്പോർട്ട് പാക്കേജ് ആവശ്യപ്പെട്ടിരിക്കുന്നത് . ഏറ്റവും പുതിയ ടെൻഡർ രേഖകൾ അനുസരിച്ച്, അടുത്ത അഞ്ച് മാസത്തേക്ക് എല്ലാ 36 റാഫേൽ ജെറ്റുകളുടെയും പ്രവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിനാണ് പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ റാഫേൽ വിമാനവും പ്രതിവർഷം 150 മണിക്കൂർ പറക്കുമെന്ന് കണക്കാക്കപ്പെടുന്നു.
രേഖകളിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ ഏറ്റുമുട്ടലിനിടെ ഇന്ത്യൻ റാഫേൽ യുദ്ധവിമാനം നശിപ്പിക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ പൊളിക്കാൻ ഉതകുന്നതാണ് .

