ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക..കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം
ഏപ്രിൽ 14,15,16 തീയതികളിലാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം യുവതി പ്രവേശനത്തെ എതിർത്തിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ 17 പേജുള്ള പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു . ശബരിമലയിലെ ദീർഘകാല ആചാരങ്ങൾ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് കോടതി കണ്ടെത്തിയാൽ, ബന്ധപ്പെട്ട സമൂഹത്തിലെ പണ്ഡിതരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും വിശദമായ കൂടിയാലോചനകൾ നടത്തിയതിനുശേഷം മാത്രമേ അത്തരമൊരു അന്വേഷണം മുന്നോട്ട് പോകാവൂ എന്ന് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്
.
. മതസ്വാതന്ത്ര്യത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ചുള്ള ഏഴ് അടിസ്ഥാന ചോദ്യങ്ങൾ നിലവിൽ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്. പ്രത്യേക ശബരിമല പുനഃപരിശോധനാ ഹർജികൾ തീരുമാനിക്കുന്നതിനുപകരം വിശാലമായ നിയമ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഈ വലിയ ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി അംഗീകരിക്കണമെന്ന് വാദിക്കുന്ന ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷനാണ് ആദ്യ വെല്ലുവിളി ഉയർത്തിയത്.

