പത്തനംതിട്ട : ശബരിമലയിൽ ഫ്ലൈ ഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശന സൗകര്യം സജ്ജമാക്കാനുള്ള ആലോചനയുമായി ദേവസ്വം ബോർഡ് . നിലവിലുള്ള ബെയിലി പാലം അടക്കം നവീകരിച്ച് പുതിയ പാത ഒരുക്കും . മാസ്റ്റർപ്ലാനിൽ നിർദേശിച്ച സ്റ്റീൽ പാലത്തിനായി ആദ്യ ഘട്ടം 10 കോടി രൂപ വകയിരുത്തും.
പതിനെട്ടാം പടി കയറി വരുന്ന ഭക്തരെ ഫ്ലൈ ഓവറിൽ കൂടി വരി നിർത്തി ശ്രീകോവിലിന്റെ വടക്ക് ഭാഗത്ത് കൂടി കടത്തി വിടുന്നതാണ് നിലവിലെ രീതി . സെക്കൻഡുകൾ കൊണ്ട് കടന്ന് പോകുമ്പോൾ പലർക്കും ദർശനം കിട്ടുന്നില്ലെന്നാണ് പരാതി. പതിനെട്ടാം പടി കയറി വരുന്നവരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം നല്കി പരിഹരിക്കാനാണ് ശ്രമം.
മാളികപ്പുറം , ബെയിലിപ്പാലം , നിർദ്ദിഷ്ട സ്റ്റീൽ പാലം വഴി തിരികെ ചന്ദാനന്ദൻ റോഡിലേയ്ക്ക് പോകാം . വിവിധ വകുപ്പുകളുമായി വിശദമായി ആലോചിച്ചേ നടപടികളിലേയ്ക്ക് കടക്കൂ . ബെയിലി പാലത്തിനായി സർക്കാർ മദ്രാസ് റെജിമന്ററിയ്ക്ക് കൈമാറിയതോടെ പാലം ദേവസ്വം ബോർഡിന്റേതായി .മാസ്റ്റർ പ്ലാനിലെ സ്റ്റീൽ പാലത്തിന്റെ ചെലവ് കണക്കാക്കുന്നത് 50 കോടിയാണ് .