ന്യൂഡൽഹി: സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലെയും പിന്നാക്ക വിഭാഗങ്ങളിലെയും കുട്ടികൾക്കായി സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സൗജന്യ ക്വാട്ട ഉറപ്പാക്കണമെന്ന് സുപ്രീം കോടതി .
സ്വകാര്യ അൺഎയ്ഡഡ്, സ്പെഷ്യൽ വിഭാഗ സ്കൂളുകളിലെ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ 25% സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (ഇഡബ്ല്യുഎസ്) പിന്നാക്ക വിഭാഗത്തിനും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നു. ഇത് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കുട്ടികൾക്കായി ചെലവഴിക്കുന്ന തുക സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
സൗജന്യ വിദ്യാഭ്യാസത്തിനുള്ള 25% ക്വാട്ട പ്രകാരം സ്വകാര്യ സ്കൂളുകളിൽ തങ്ങളുടെ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗങ്ങളിലെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ ക്വാട്ട പ്രകാരം ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന നിലപാട് സ്വകാര്യ സ്കൂൾ സ്വീകരിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ബാധകമാക്കിയിട്ടുണ്ട് . ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനെ കേസിൽ കക്ഷി ചേർത്തു. ഉത്തരവ് നടപ്പിലാക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

