ന്യൂഡൽഹി : സ്ഥാപനങ്ങൾക്ക് ബാധകമായ വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. 2011 ലെ എഫ് സി ആർ എ ചട്ടത്തിൽ വരുത്തിയ ഭേദഗതി തിങ്കളാഴ്ച്ചയാണ് പ്രാബല്യത്തിൽ വന്നത്. ഇനി മുതൽ പൊതുവായ ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും മാത്രം ചൂണ്ടിക്കാട്ടി വിദേശസംഭാവനയ്ക്ക് അനുമതി തേടാനാവില്ല.
മതം , സംസ്ക്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ 5 വിഭാഗങ്ങളിലായുള്ള 105 തരം പ്രവർത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയാലേ എഫ് സി ആർ എ രജിസ്ട്രേഷൻ അനുവദിക്കൂ. മതവിഭാഗത്തിൽ ആരാധനാലയങ്ങളുടെ നിർമ്മാണവും, പുനരുദ്ധാരണവും, വിശുദ്ധഗ്രന്ഥങ്ങളുടെ അച്ചടിയുമടക്കം 18 പ്രവർത്തനങ്ങളാണ് അനുവദനീയം .
മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കണം. നിലവിൽ എഫ് സി ആർ എ രജിസ്ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിനകം മേഖലയും, സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.

