കൊച്ചി : അമ്മ ഭരണസമിതി രാജിവച്ചതിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ. പാവയാകാൻ താനില്ലെന്ന് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ തനിക്കെതിരെ വ്യാജപ്രചരണങ്ങൾ നടന്നുവെന്നും ആരോപിച്ചു. താൻ രാജി വച്ച ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്.
മുൻ കമ്മിറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ പോലും അന്വേഷിക്കാൻ കഴിഞ്ഞില്ല. ചില സ്വാർത്ഥ താല്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചിലവ് കണക്കുകളിൽ കള്ളക്കളിയുണ്ട്.കഴിഞ്ഞ രണ്ട് ഭരണസമിതിയുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.മുൻ കാല കണക്കുകളുമായി ബന്ധപ്പെട്ട് തന്റെ രാജിയ്ക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും, കമ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി .
ബിജെപി സർക്കാരിന്റെയോ, മുൻ എൽ ഡി എഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. പിക്ചർ അഭി ബാക്കി ഹേ, ബാക്കി വെളുപ്പെടുത്തലുകൾ 26 ന് മാധ്യമങ്ങളെ കാണുമ്പോൾ ഉണ്ടാകുമെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

