തിരുവനന്തപുരം ; സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ നിന്ന് മുക്തമാക്കുന്നതിനും , മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടുവേരറുക്കുന്നതിനും , സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽസംസ്ഥാനങ്ങളിലെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് കേരള സർക്കാർ . ഇതിനായി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വി ഡി സതീശൻ കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായ നടപടികൾ ശക്തിപ്പെടുത്തുകയും, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖല തകർക്കുകയും, അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.ലഹരി മരുന്ന് ശൃംഖലകൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിന് അയൽസംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളുമായി ഏകോപനം ആവശ്യമാണ് .
കേരളവും, കർണാടകയും, തമിഴ്നാടും, പുതിച്ചേരിയും തമ്മിലുള്ള അതിർത്തി പ്രദേശങ്ങൾ , റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ , നഗരവിതരണകേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.നിരവധി അന്തർസംസ്ഥാന , അന്തർദേശീയ മയക്കുമരുന്ന് കടത്തുകാരെ ഇതിനോടകം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകൾ എന്നിവ ആവശ്യമാണ് . ഇതിന്റെ ഭാഗമായി കേരളം , തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഉന്നതതലയോഗം വിളിച്ച് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പ്രവർത്തന സമിതി രൂപീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.

