തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു . മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തുവെന്നാണ് വിവരം . ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ചോദ്യം ചെയ്യൽ.
സ്വർണ്ണക്കൊള്ള നടന്ന കാലയളവിൽ ദേവസ്വം ബോർഡിന്റെ ഉത്തരവദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയ്ക്കാണ് ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
അതേസമയം ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി മണിയെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് രാവിലെ ഡി മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുകയായിരുന്നു.
ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ഇയാൾ പൂർണ്ണമായും തള്ളി. അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള ഒരു സംഘം കേരളത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടത്തിയതായി പ്രവാസി വ്യവസായി മൊഴി നൽകി. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്നതിനാണ് ചോദ്യം ചെയ്യൽ.
എന്നാൽ വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയ്ക്ക് പുറമേ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സംഘം ലക്ഷ്യമിട്ടതായി പ്രവാസി വ്യവസായി പറഞ്ഞിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ള ആളുകളാണ് മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയതെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി.

