പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും.
ഇത്തവണ് തീർഥാടകർക്ക് മൂന്ന് കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിംഗിന് അവസരം ഒരുക്കിയിട്ടുള്ളത്. പമ്പയിലും എരുമേലിയിലും വണ്ടിപ്പെരിയാറിലുമാണ് ഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗ് നടത്താനുള്ള സൗകര്യമുള്ളത്.
മണ്ഡലകാലത്തിനോട് അനുബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ 13000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പമ്പയിലും നിലയ്ക്കലും ആശുപത്രി സേവനം ഉണ്ടാകും. 450 കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും . നിലയ്ക്കൽ – പമ്പ സർവീസിനായി 241 ബസുകൾ ഉണ്ടാകും.
ഭക്തർക്ക് ദർശനം നൽകുന്നതിനായി വൃശ്ചികം 1 (നവംബർ 16) രാവിലെ 3.00 മണിക്ക് നട തുറക്കും. 3.30ന് ഗണപതിഹോമം, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കും. 7.30ന് ഉഷ പൂജ, 11.10ന് നെയ്ത്തോണി, 11.00 മുതൽ 11.30 വരെ അഷ്ടാഭിഷേകം, 12.30ന് ഉച്ച പൂജ എന്നിവയ്ക്ക് ശേഷം 1.00 മണിക്ക് നട അടയ്ക്കും.
തുടർന്ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വീണ്ടും നട തുറക്കും. 6.30ന് ദീപാരാധന, 9.30ന് അത്താഴപൂജ എന്നിവയ്ക്ക് ശേഷം രാത്രി 11.00ന് ഹരിവരാസനം പാടി നട അടയ്ക്കും.