തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തത് ശക്തമായ അന്വേഷണങ്ങൾക്ക് ശേഷമെന്ന് റിപ്പോർട്ട് . കേസിൽ സാക്ഷി മാത്രമാണെന്ന് കരുതിയിരുന്ന രാജീവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ്` അറസ്റ്റ് ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിക്കും തന്ത്രിക്കും അടുത്ത ബന്ധമുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. സന്നിധാനത്ത് പോറ്റിയുടെ സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന് ശബരിമലയിലെ ജീവനക്കാരും എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. പോറ്റിയെ സ്പോൺസറായി കൊണ്ടുവന്നതിൽ തന്ത്രിക്ക് പങ്കുണ്ടായിരുന്നു.
തന്ത്രിയുടെ ശമ്പളം സർക്കാർ നൽകുന്നതിനാൽ അദ്ദേഹം അഴിമതി നിരോധന നിയമത്തിന് കീഴിൽ വരുമെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ മാത്രമേ തന്ത്രിയുടെ പങ്ക് വ്യക്തമാക്കൂ എന്ന് അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. പത്മകൂറിന്റെ ജാമ്യാപേക്ഷയിൽ തന്ത്രിയുടെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നില്ല.
അതേസമയം അറസ്റ്റിലായെങ്കിലും മതപരമായ ആചാരങ്ങൾ നിലനിൽക്കുന്നതിനാൽ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് കണ്ഠരര് രാജീവരെ നീക്കം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് റിപ്പോർട്ട്.ക്ഷേത്രത്തിലെ പ്രധാന സ്ഥാനിയും, വൈദിക ആചാരങ്ങൾ നിർവഹിക്കുന്നതും തന്ത്രിയാണ്. ചിലപ്പോൾ ഭരണപരവുമായ തീരുമാനങ്ങളിൽ തന്ത്രി ഇടപെടാറുണ്ട് . ക്ഷേത്ര നിർമ്മാണത്തിനുശേഷമാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തി ദേവന്റെ ഇഷ്ടം അറിഞ്ഞ ശേഷം തന്ത്രിയെ നിയമിക്കുന്നത്. തന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാണെങ്കിൽ അല്ലെങ്കിൽ കുടുംബം അകറ്റിനിർത്തപ്പെട്ടാൽ മാത്രമേ സ്ഥാനം മാറ്റാൻ കഴിയൂ.
2006-ൽ കേസിൽ ഉൾപ്പെട്ട കണ്ഠരര് മോഹനരര് പിന്നീട് ശബരിമല തന്ത്രിയായി തിരിച്ചെത്തിയില്ല. കോടതി മോഹനരരെ കുറ്റവിമുക്തനാക്കിയെങ്കിലും, 2009-ൽ പ്രധാന തന്ത്രി കണ്ഠരര് മഹേശ്വരരരോടൊപ്പം ശബരിമലയിൽ പരികർമിയായി പൂജ നടത്താൻ ദേവസ്വം ബോർഡ് മോഹനരരെ അനുവദിച്ചില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത് രാജീവരര് ആയതിനാൽ, അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

