കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ച യുവതി താൻ നേരിട്ട ദുരിതത്തെക്കുറിച്ച് തുറന്നുപറയണമെന്ന് നടി റിനി ആൻ ജോർജ് . അടുത്തിടെ റിനി നടത്തിയ തുറന്നു പറച്ചിൽ കേരളത്തിൽ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അതിനു പിന്നാലെയാണ് റിനി തന്റെ സോഷ്യൽ മീഡിയ പേജിൽ പുതിയ സന്ദേശം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തക ലക്ഷ്മി പദ്മയാണ് രാഹുലിൽ നിന്ന് പീഡനം നേരിട്ട യുവതിയെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത് .
‘വേട്ട നായ്ക്കൾ കുരയ്ക്കുന്നതിൽ വിഷമിക്കേണ്ട. കേരളത്തിന്റെ മനസ്സാക്ഷി നിങ്ങളോടൊപ്പമുണ്ട്. മുഴുവൻ സമൂഹവും നിങ്ങളോടൊപ്പമുണ്ട്. കരയേണ്ടത് നിങ്ങളല്ല. പുഞ്ചിരിയോടെ ലോകത്തെ നേരിടണം. കരയുകയും ഒറ്റപ്പെടുകയും ചെയ്യേണ്ടവൻ വേട്ടക്കാരനാണ്. നിങ്ങൾ മുന്നോട്ട് വന്ന് നിങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കണം,’ റിനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എഴുതി.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം
അവളോടാണ്…
പ്രിയ സഹോദരി…
ഭയപ്പെടേണ്ട…
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…
ഒരു ജനസമൂഹം തന്നെയുണ്ട്…
നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…
നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…
നീ ഇരയല്ല
നീ ശക്തിയാണ്… നീ അഗ്നിയാണ്…

