കൊച്ചി ; വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത് . വാഴവറ്റയിലെ വീട്ടിൽനിന്ന് 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.
എന്നാൽ തനിക്ക് മദ്യവുമായി ബന്ധമില്ലെന്നാണ് ആന്റോ അഗസ്റ്റിൻ പറയുന്നത് . ‘‘മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസിൽ ആവശ്യമായ രേഖകൾ ഞാൻ പൊലീസിനു നൽകി. എക്സൈസുമായി ബന്ധപ്പെട്ട ഏതോ കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മദ്യവുമായി ബന്ധമില്ല’’– ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ, ലാപ്ടോപ്, ടാബ്, ഒട്ടേറെ രേഖകൾ എന്നിവയാണ് കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്.
ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്, ആന്റോയുടെയും സഹോദരന്റെയും കാക്കനാട്ടെ ഫ്ലാറ്റുകൾ, കളമശേരിയിലെ ‘ഗോട്ട് ആഡ്’ എന്ന സ്ഥാപനത്തിന്റെ ഓഫിസ് എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ 5.45 മുതൽ പരിശോധന നടത്തിയത്. അർജന്റീന ക്രമക്കേടിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശേരി പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനാ വാറന്റുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.

