വാഷിംഗ്ടൺ : ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ പുതിയ നിയമം കൊണ്ടുവരാൻ നീക്കം . ആരാധനാലയങ്ങൾക്ക് ചുറ്റും 100 അടി പരിധിയിൽ ‘പ്രതിഷേധരഹിത മേഖല’ ആയി ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്ന ബിൽ എത്രയും വേഗം പാസാക്കാനാണ് യുഎസ് നിയമനിർമ്മാതാക്കൾ ശ്രമിക്കുന്നത്. ബിൽ പ്രാബല്യത്തിലായാൽ ആരാധനാവേളയിൽ ഈ പ്രദേശത്ത് പ്രതിഷേധിക്കുകയോ ആളുകളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് നിരോധിക്കപ്പെട്ടേക്കാം .
ബില്ലിനെ പിന്തുണയ്ക്കുന്നതിനായി ബുധനാഴ്ച കാപ്പിറ്റോൾ ഹില്ലിൽ ഹിന്ദു, സിഖ്, ജൂത വിഭാഗങ്ങൾ ഉൾപ്പെടെ 30-ലധികം സംഘടനകളുടെ പ്രതിനിധികൾ ഒത്തുചേർന്നു. ഡെമോക്രാറ്റിക് പ്രതിനിധി ടോം സുവോസിയും റിപ്പബ്ലിക്കൻ പ്രതിനിധി ബ്രാഡ് ഫിൻസ്റ്റാഡും ചേർന്ന് ഹൗസിൽ അവതരിപ്പിച്ച ഈ നിയമനിർമ്മാണത്തിന് ‘റൈറ്റ് ടു വർഷിപ്പ് ആക്റ്റ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇരു പാർട്ടികളുടെയും പിന്തുണയോടെ ഓഗസ്റ്റിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.
ആരാധനയ്ക്കായി പോകുന്ന വ്യക്തിയെ മനഃപൂർവ്വം തടയുന്നതോ അവരുടെ ആരാധന തടസ്സപ്പെടുത്തുന്നതോ നിയമവിരുദ്ധമാണെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. പള്ളിയിലോ ക്ഷേത്രത്തിലോ ഗുരുദ്വാരയിലോ ആരാധന നടത്തുന്നതിന് ആരും ഭയപ്പെടേണ്ടി വരില്ലെന്ന് ടോം സുവോസി പറഞ്ഞു.
അമേരിക്കയിൽ ആരാധനാ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ബ്രാഡ് ഫിൻസ്റ്റാഡ് പറഞ്ന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതി സംരക്ഷിക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. മതം, അഭിപ്രായപ്രകടനം, പത്രസ്വാതന്ത്ര്യം, സമാധാനപരമായ ഒത്തുചേരൽ, സർക്കാരിന് നിവേദനം നൽകാനുള്ള അവകാശം എന്നിവ ഉറപ്പുനൽകുന്നതാണ് യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി .
നിരവധി ഹിന്ദു, സിഖ്, ജൂത സംഘടനകളിൽ നിന്ന് ഈ ബില്ലിന് പിന്തുണ ലഭിച്ചിട്ടുണ്ട്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, യുണൈറ്റഡ് സിഖ്സ് , അമേരിക്കൻ ജൂയിഷ് കമ്മിറ്റി, ബി.എ.പി.എസ്. സ്വാമിനാരായൺ സൻസ്ഥ, കോയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്നിവ പിന്തുണ അറിയിച്ച് രംഗത്തെത്തി.
അമേരിക്കയിലെ ചില ഹിന്ദു ക്ഷേത്രങ്ങളിൽ സമീപകാലത്തായി ഭക്തർക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാവുകയും ആരാധന തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുഹാഗ് ശുക്ല പറഞ്ഞു. ഇത്തരം നടപടികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പുതിയ നിയമം സഹായിക്കുമെന്നും അവർ സുഹാഗ് ശുക്ല വ്യക്തമാക്കി

