ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജന്മദിനാശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു. സദ്ഭരണത്തിന്റെ നിരവധി പുതിയ മാതൃകകൾ സ്ഥാപിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് അഭൂതപൂർവമായ ആക്കം നൽകുകയും ചെയ്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഷ്ട്രപത്രി ആശംസക്കുറിപ്പിൽ പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന നിങ്ങളുടെ ഭരണകാലത്ത്, നിങ്ങൾ സദ്ഭരണത്തിന്റെ നിരവധി പുതിയ മാതൃകകൾ സ്ഥാപിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് അഭൂതപൂർവമായ ആക്കം നൽകുകയും ചെയ്തു. സാംസ്കാരിക അഭിമാനത്തോടെ ആധുനിക പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ നാട്ടുകാർ പൈതൃകത്തിന്റെയും വികസനത്തിന്റെയും സമന്വയം തിരിച്ചറിയുന്നു.
താങ്കളുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, അതുവഴി നിങ്ങളുടെ പൊതുസേവനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും ദൗത്യം തുടരാൻ നിങ്ങൾക്ക് കഴിയും.” – പ്രസിഡന്റ് ദ്രൗപതി മുർമു എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു” എന്ന് പോസ്റ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , എസ്പി മേധാവി അഖിലേഷ് യാദവ് , ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കം വിവിധ നേതാക്കൾ മോദിയ്ക്ക് ആശംസ അറിയിച്ചു.
ഇന്ന് ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ വിവിധ പരിപാടികളൂം സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുസേവനത്തിന് അനുഗ്രഹിക്കുന്നതിനായി വിളക്കുകൾ കത്തിക്കാൻ ബിജെപിയും കേന്ദ്ര മന്ത്രിമാരും ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 17 വരെ നീണ്ടു നിൽക്കുന്ന ‘സങ്കൽപ് സേവാ അഭിയാൻ’ പദ്ധതിയും ഇന്ന് ആരംഭിക്കും .

