ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള പ്രതിമാസ വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി . തീരുമാനം 51 ലക്ഷത്തിലധികം ജീവനക്കാർക്ക് പ്രയോജനപ്പെടും. പുതുക്കിയ പരിധി വ്യാഴാഴ്ച,മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 2014-ൽ 15,000 രൂപയായി നിശ്ചയിച്ചിരുന്ന വേതന പരിധി 12 വർഷത്തിന് ശേഷമാണ് പരിഷ്കരിക്കുന്നത്. അവസാനമായി 2014 സെപ്റ്റംബറിലാണ് 6,500 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത്.
പുതുക്കിയ പരിധിയിൽ ഉൾപ്പെടുന്ന ജീവനക്കാർക്ക് പി എഫിന് പുറമേ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
നിലവിൽ, ജീവനക്കാരും തൊഴിലുടമകളും വേതനത്തിന്റെ 12 ശതമാനം വീതമാണ് പി എഫിലേയ്ക്ക് അടയ്ക്കുന്നത്. . 15,000 രൂപയുടെ നിലവിലെ പരിധി പ്രകാരം, പരമാവധി പ്രതിമാസ വിഹിതം 1,800 രൂപ വീതമാണ്. പരിധി 25,000 രൂപയായി ഉയർത്തുന്നതോടെ, പരമാവധി വിഹിതം 3,000 രൂപ വീതമായി വർദ്ധിക്കും.
7.68 ലക്ഷം സ്ഥാപനങ്ങളും 7.98 കോടി ജീവനക്കാരും പി എഫ് പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്. 82 ലക്ഷം പേർ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നുണ്ട്. വേതന പരിധിയിലെ വർദ്ധനവ് കേന്ദ്രത്തിന് പ്രതിവർഷം 11,339 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് സൂചന . അഞ്ച് വർഷത്തിനുള്ളിലെ അധിക ചെലവ് 56,696 കോടി രൂപയോളമാണ്.

