ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിൽ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. സോഷ്യൽ മീഡിയയിൽ തന്നെ അധിക്ഷേപിച്ച കേസിലെ പ്രതിയും, അഭിഭാഷകയുമായ ദീപ ജോസഫ് സമർപ്പിച്ച ഹർജിക്കെതിരെയാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോസഫ് ഹർജി നൽകിയിരുന്നു. ഇതിനെതിരെയാണ് അതിജീവിത തടസ ഹർജിഫയൽ ചെയ്തത്.
ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് അതിജീവിച്ചത് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വക്കേറ്റ് കെ ആർ സുഭാഷ് ചന്ദ്രൻ മുഖേനയാണ് കേവിയറ്റ് ഹർജി സമർപ്പിച്ചത് . പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമേ, ചില ഭരണഘടനാ പ്രശ്നങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, നിരവധി ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി തിങ്കളാഴ്ച നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിഗണിക്കും.
ഡി കെ മുരളി എംഎൽഎ രാഹുലിനെതിരെ നൽകിയ പരാതി സ്പീക്കർ എ എൻ ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് അയച്ചു. മൂന്നാമത്തെ പരാതിയിൽ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു, ജയിൽ മോചിതനായ ശേഷം അദ്ദേഹം അടൂരിലെ വീട്ടിലാണ്. ഇതിനപിന്നാലെയാണ് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി പരിഗണിക്കുന്നത്.

