തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് വിവിധ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് . ഒരു സാഹചര്യത്തിലും നദികളിൽ പ്രവേശിക്കുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്. തീരങ്ങൾക്ക് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.
പത്തനംതിട്ടയിലെ മണിമല നദിക്ക് ഓറഞ്ച് അലേർട്ടും കോട്ടയത്തെ മീനച്ചിൽ, കോഴിക്കോട്ടെ കോരപ്പുഴ, പത്തനംതിട്ടയിലെ അച്ചൻകോവിൽ, വയനാട്ടിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. ഈ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട മണിമലയാറിലെ തൊണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച് അലർട്ടും, കോട്ടയം മീനച്ചിൽ പുഴയിലെ പേരൂർ സ്റ്റേഷനിൽ യെല്ലോ അലർട്ടും, കുന്നമംഗലം, കൊല്ലിക്കൽ സ്റ്റേഷനുകളിൽ കോരപ്പുഴയാറിലെ കല്ലേലി, പട്ടാൻകോവിൽ, കോന്നി ജിഡി സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

