തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ . സെൻട്രൽ ജയിലിലെ സാധാരണ സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്കിലെ സെല്ലുകൾ കൂടുതൽ വൃത്തിയുള്ളതാണെന്നും, ഡിജിപി ആയിരുന്ന കാലയളവിൽ താൻ മെച്ചപ്പെടുത്തിയ ആ സൗകര്യം ഇപ്പോൾ ഒരാൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
‘ തിരുവനന്തപുരം Central ജയിലിലെ “ആശുപത്രി block” സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം…
ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് DGP ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്.
ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം! ‘ എന്നാണ് ശ്രീലേഖയുടെ കുറിപ്പ്.
ആരോഗ്യപ്രശ്നങ്ങൾ കാരണം ടോമിൻ തച്ചങ്കരി നിലവിൽ ആശുപത്രി ബ്ലോക്കിലാണ് കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ, വൈദ്യോപദേശം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ സാധാരണ സെല്ലിലേക്ക് മാറ്റുകയുള്ളൂ. സാധാരണ സെല്ലിലേക്ക് മാറ്റിയാൽ മറ്റ് തടവുകാർക്കൊപ്പം തറയിൽ കിടക്കേണ്ടിവരും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മറ്റ് തടവുകാരിൽ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയും അധികൃതർ പരിഗണിച്ചേക്കാം

