നാഗർകോവിൽ : നാഗർകോവിൽ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ 50 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ . കന്യാകുമാരി ചെമ്പകരാമൻ പുത്തൂർ സ്വദേശി അയ്യപ്പൻ എന്ന 31 കാരനെയാണ് നാഗർകോവിൽ റെയിൻ വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ട്രെയിനിലെ ഭിന്നശേഷിക്കാർക്കായി നീക്കി വച്ച കോച്ചിലെ സീറ്റിനടിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
അഴുകിയനിലയിലായിരുന്നു മൃതദേഹം . ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ നാഗർകോവിൽ റെയില്വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനായി ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിൽ പ്രത്യേകസംഘവും രൂപീകരിച്ചു. അന്വേഷണത്തിനിടെ വിവിധ സ്ഥലങ്ങളിൽ വച്ചിരുന്ന സിസിടിവി ക്യാമറയുടെ ദൃശ്യങ്ങളും സംഘം പരിശോധിച്ചു. ഇതിൽ നിന്നാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്.
നവംബർ 14-ലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് അയ്യപ്പനാണെന്ന് പൊലീസിന് വ്യക്തമായി . തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നവംബർ 14 ന് രാത്രി 12 . 30 ഓടെ പ്ലാറ്റ് ഫോം നമ്പർ 5 ലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ അയ്യപ്പൻ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തുടർന്ന് അറ്റകുറ്റപ്പണീകൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽ വച്ച് ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും , മർദ്ദിക്കുകയും ചെയ്തു. ഇതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

