തിരുവനന്തപുരം : യുഡിഎഫ് സർക്കാർ പ്രിയദർശിനി പദ്ധതി പ്രകാരം ആരംഭിച്ച സൗജന്യ യാത്രയിൽ ആദ്യ ദിവസം പങ്കാളിയായത് 13,29,938 സ്ത്രീകൾ . ഓർഡിനറി ബസുകളിൽ കേരളത്തിലുടനീളം സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണുണ്ടായത്. രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞ ദിവസം കൂടുതൽ യാത്രക്കാരുണ്ടായെന്നാണ് കെ എസ് ആർ ടി സി അധികൃതരും പറയുന്നത് .
തിങ്കളാഴ്ച ആകെ 13,29,938 സ്ത്രീകൾ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. ഇതിൽ 7,83,115 സ്ത്രീകളും സൗജന്യ യാത്രക്കാരായിരുന്നു .ബാക്കിയുള്ള യാത്രക്കാർ രാവിലെ 10 മണിക്ക് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് വാങ്ങി യാത്ര ചെയ്തവരാണ്. കഴിഞ്ഞ തിങ്കളാഴ്ച കെ എസ് ആർ ടി സി ബസുകളിൽ 7,34,693 സ്ത്രീ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പദ്ധതി നടപ്പിലാക്കിയ ദിവസം 5,95,245 സ്ത്രീ യാത്രക്കാരുടെ വർദ്ധനവുണ്ടായി.
സൗജന്യ യാത്ര ഇനത്തിൽ തിങ്കളാഴ്ച മാത്രം സർക്കാരിന് 1,59,56,801 രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ 6,94,799 പുരുഷന്മാർ യാത്ര ചെയ്തിരുന്നെങ്കിൽ, പദ്ധതി നിലവിൽ വന്നത തിങ്കളാഴ്ച അത് 2,26,673 ആയി കുറഞ്ഞു.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാനത്തുടനീളമുള്ള 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഉണ്ട്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ്-ടു-പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്., ടൗൺ-ടു-ടൗൺ ബസുകൾ തുടങ്ങിയ സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട് .

