കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജിതിനെ ഇന്ന് ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജിതിൻ ഭാസ്കറിനെ അന്വേഷണ സംഘം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു . വടകര സ്ക്വാഡ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് ജിതിൻ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പാണിത്. വടകര ബ്ലോക്ക് ഡിവൈഎഫ്ഐ കമ്മിറ്റിയുടെയും വടകര മണ്ഡലം സിപിഎമ്മിന്റെയും നേതാക്കൾ ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്.
ജിതിൻ ഭാസ്കർ തന്നെയാണ് സ്ക്രീൻഷോട്ട് എടുത്തതെന്നാണ് പ്രാഥമിക വിവരം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്.
പിന്നീട്, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. അന്വേഷണം കൂടുതൽ മുന്നോട്ട് പോയില്ല. പിന്നീട്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടത്തിയ അന്വേഷണത്തിനിടെയാണ് ആദ്യ അറസ്റ്റ് നടന്നത്.

