തിരുവനന്തപുരം : പ്രണയം നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് 16 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. വെമ്പായത്തിനടുത്തുള്ള കന്യാകുളങ്ങരയിലാണ് സംഭവം . നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടി വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് കാത്ത് നിന്ന് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി കാറിൽ കടന്നു കളയുകയായിരുന്നു.
അമിതവേഗതയിൽ വാഹനം ഓടിച്ച പ്രതി എതിർവശത്ത് നിന്ന വാഹനത്തെ ഇടിച്ചു തെറിപ്പിച്ചാണ് കടന്നുകളഞ്ഞത്. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെ കാത്ത് വീടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സഹദ് നിന്നിരുന്നു. മുഖത്തും കഴുത്തിനുമാണ് പരിക്കേറ്റത്. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

