ആലപ്പുഴ ; പിണറായി വിജയനും, എം വി ഗോവിന്ദനുമെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം കണക്കിലെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം സ്വമേധയാ ഉപേക്ഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. ജി. സുധാകരൻ ഉന്നയിച്ച വെല്ലുവിളിയെ ചെറുക്കുന്നതിൽ പരാജയപ്പെട്ടതിന് സംഘടനാ സംവിധാനത്തെയും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ജനവികാരം പിണറായി വിജയനെതിരെയായിരുന്നു എന്ന വസ്തുത മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃപാടവം പോലും സംസ്ഥാന സെക്രട്ടറിക്ക് ഇല്ല. ഈ രീതി തുടർന്നാൽ, സിപിഎം ഉടൻ അധികാരത്തിൽ വരില്ല. ജി. സുധാകരനെ സ്ഥാനാർത്ഥിയാക്കി ഒപ്പം നിർത്തണമായിരുന്നു . പിണറായി വിജയൻ ഇടയ്ക്കിടെ നടത്തുന്ന അസഭ്യ പരാമർശങ്ങളും പാർട്ടിക്ക് ശാപമായി മാറി. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് മണ്ടത്തരമായിരുന്നു.പിണറായിയുടെ ‘ഡാഷ് മോൻ’ പ്രയോഗം ഉചിതമായില്ല. ഗോവിന്ദന്റെ ശൈലിയും ശരീരഭാഷയും പാർട്ടി സെക്രട്ടറിക്കു ചേർന്നതല്ല . സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം. അമ്പലപ്പുഴയിലെ ന്യൂനപക്ഷ സംയോജനമാണ് പരാജയത്തിന് കാരണം. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിന് ശേഷം നാസർ നടത്തിയ പരാമർശങ്ങൾ അനുചിതമായിരുന്നു
ജി. സുധാകരനെ അമ്പലപ്പുഴയിൽ ഒരു വിവാദവുമില്ലാതെ സ്ഥാനാർത്ഥിയാക്കണമായിരുന്നു. സുധാകരനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നു. സുധാകരൻ അമ്പലപ്പുഴയിലും സി.എസ്.സുജാത കായംകുളത്തും ആർ.നാസർ ആലപ്പുഴയിലും തോമസ് ഐസക്ക് അരൂരിലും മത്സരിക്കണമായിരുന്നു. സുധാകരൻ്റെ തണലിൽ വളർന്ന നേതാക്കളാണ് മുതിർന്ന നേതാവിനെ പുറത്താക്കിയത്.യു.പ്രതിഭയുടെ ചില പരാമർശങ്ങൾ പാർട്ടിയെ സംശയനിഴലിലാക്കി. ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയതായും രൂക്ഷവിമർശനമുയർന്നു.

