ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വൈറൽ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോമായ കോക്രോച്ച് ജനതാ പാർട്ടി ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ചു. നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ചയും ആവർത്തിച്ചുള്ള പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ കാമ്പെയ്ൻ .
പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ നയിക്കുന്ന കാമ്പെയ്നിൽ വിദ്യാഭ്യാസ മന്ത്രിയെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഒപ്പിടാനാണ് ആളുകളോട് ആവശ്യപ്പെടുന്നത് . ചോദ്യപേപ്പർ ചോർച്ച, വിദ്യാർത്ഥികളുടെ ദുരിതം, പ്രധാന പരീക്ഷകൾ നടത്തുന്നതിൽ ആവർത്തിച്ചുള്ള പരാജയങ്ങൾ എന്നിവ കാരണം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം “വിട്ടുവീഴ്ച” ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നിവേദനത്തിൽ ആരോപിക്കുന്നു.വർഷങ്ങളായി നടക്കുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
“നിങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണെന്ന് എല്ലാവരും എന്നോട് പറയുന്നു, പക്ഷേ ഇപ്പോൾ നമ്മൾ യഥാർത്ഥ ജോലി ചെയ്യേണ്ട സമയമായി.” എന്നാണ് അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.
കോക്ക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ പൂട്ടി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കാമ്പെയ്ൻ. പഴയ അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ “കോക്ക്രോച്ച്സ് മരിക്കുന്നില്ല” എന്ന ടാഗ്ലൈനോടെ “കോക്ക്രോച്ച് ഈസ് ബാക്ക്” എന്ന പേരിൽ പുതിയ അക്കൗണ്ട് X-ൽ പ്രത്യക്ഷപ്പെട്ടു. പുതിയ അക്കൗണ്ട് പെട്ടെന്ന് ശ്രദ്ധ നേടുകയും 2026 ലെ നീറ്റ് യുജി പേപ്പർ ചോർച്ച വിഷയത്തിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന ആഹ്വാനങ്ങൾ വീണ്ടും പ്രചരിപ്പിക്കുകയും ചെയ്തു.
പൂട്ടിയ അക്കൗണ്ടിൽ 2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോടതി നടപടികൾക്കിടെ തൊഴിൽ രഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെയാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശമാണ് സിജെപി എന്ന പാർട്ടിയ്ക്ക് വളമായതെന്നാണ് പറയപ്പെടുന്നത്. എന്നാൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

