കൊൽക്കത്ത ; ബംഗാളിൽ പിടികൂടുന്ന ബംഗ്ലാദേശികളെ ഇനി കോടതികളിൽ ഹാജരാക്കില്ലെന്നും , നേരിട്ട് ബിഎസ് എഫിന് കൈമാറുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. മെയ് 20 മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിർത്തി വഴി തന്നെ നുഴഞ്ഞുകയറ്റക്കാരെ മടക്കി അയക്കാനാണ് തീരുമാനം.
പൊലീസിന് മാത്രമല്ല ബിഎസ് എഫിനും, ആർ പി എഫിനും ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി കഴിഞ്ഞു. പിടിക്കപ്പെടുന്ന ബംഗ്ലാദേശികൾ പൗരത്വനിയമത്തിന് അർഹനല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാതെ നേരിട്ട് അതിർത്തി സുരക്ഷാസേനയ്ക്ക് കൈമാറും. ബംഗ്ലാദേശിലെ പെട്രോപോൾ അതിർത്തിയിലോ, നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ട് അതിർത്തിയിൽ വച്ചോ ഇവരെ ബിഎസ് എഫ് ബംഗ്ലാദേശിലേയ്ക്ക് മടക്കി അയക്കും. ഇത്തരം അറസ്റ്റുകളെ പറ്റിയുള്ള റിപ്പോർട്ട് എല്ലാ ആഴ്ച്ചയും ഡിജിപി മുഖ്യമന്ത്രിയ്ക്ക് കൈമാറും.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക , ഇല്ലാതാക്കുക, നാടുകടത്തുക എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. 2016 ൽ അന്നത്തെ ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു പറഞ്ഞത് ഇന്ത്യയിൽ 20 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് . ഇവർ ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുവെന്നതാണ് സത്യം . ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും പലപ്പോഴും ഉയർന്നിരുന്നു.

