തിരുവനന്തപുരം : സ്വകാര്യ വൽക്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുകയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തൊട്ടു മുന്‍പത്തെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പൊതുമേഖലാ അധിഷ്ടിതമായ റെയര്‍ എര്‍ത്ത് ഇടനാഴി എന്ന ആശയത്തെ അട്ടിമറിക്കുകയാണ് യുഡിഎഫ് സർക്കാർ. ബജറ്റില്‍ പ്രഖ്യാപിച്ച മിഷന് സമുദ്രയും സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് ചാലകശക്തിയായി നിലകൊണ്ട കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയെ പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കുമെന്ന പ്രഖ്യാപനത്തിന്റെ ഉദ്ദേശം പശ്ചാത്തല വികസന രംഗത്ത് ചാലക ശക്തിയായി നിലകൊണ്ട കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
സ്വകാര്യ വൽക്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുക. ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദ്വിമുഖ സമീപനത്തെ ഈ ബജറ്റ് കയ്യൊഴിയുകയാണ്. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുകയും വരവിലുണ്ടാകുന്ന വര്‍ദ്ധനയെ മറച്ചുപിടിക്കുകയും ചെയ്യുന്നു. വികസന-ക്ഷേമ പദ്ധതികളെ കയ്യൊഴിയാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലായിരുന്നു നേരത്തെ പുറത്തിറക്കിയ ധവളപത്രം എന്നത് കൂടുതൽ വ്യക്തമാവുകയാണ്.
മൈനര്‍ ധാതുക്കളുടെ ഖനനം അടക്കം സകലതും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തന്നെയാണ് ബജറ്റില്‍ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ വഴി ഇവിടെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. തൊട്ടു മുന്‍പത്തെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പൊതുമേഖലാ അധിഷ്ടിതമായ റെയര്‍ എര്‍ത്ത് ഇടനാഴി എന്ന ആശയത്തെ അട്ടിമറിക്കുക കൂടിയാണ് ചെയ്യുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച മിഷന് സമുദ്രയും സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരള മാരിടൈം പോളിസി വഴി കേരളത്തിന്റെ തീരത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള ഗൂഢലക്ഷ്യമാണ് മറനീക്കി പുറത്തു വരുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഫിഷറീസ് സബ് പ്ലാന്‍ കബളിപ്പിക്കലാണ്. തീരദേശം മൊത്തം സ്വകാര്യ കുത്തകകൾക്ക് നൽകുകയും പേരിന് ഒരു സബ് പ്ലാന്‍ ഉണ്ടാക്കി തീരദേശവാസികളുടെ കണ്ണില്‍ പൊടിയിടുന്നു. സതേണ്‍ കേരള ഇക്കണോമിക് കോറിഡോറും ഈ ദിശയിലുള്ള തീരദേശ പദ്ധതിയാണ്.
ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചുകൊണ്ട് ലാന്റ് മാനേജ്മെന്റ് നയം ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഭൂപരിഷ്കരണം 2.0 എന്ന ബജറ്റ് പ്രഖ്യാപനം.
ഭൂമാഫിയക്കുൾപ്പെടെ പ്രതിബന്ധം സൃഷ്ടിക്കുന്ന ഭൂപരിഷ്കരണ നിയമങ്ങളെ പൊളിച്ചെഴുതുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.
ബജറ്റില്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് & ലൈഫ് സയന്‍സ് സിറ്റിയും ഇതേ സ്വകാര്യവല്കരണ യുക്തിയാണ് പിന്‍പറ്റുന്നത്. ആശുപത്രി, ഫാര്‍മ മേഖലയില്‍ സ്വകാര്യ കമ്പനികൾക്ക് അവസരമൊരുക്കുന്നതിലൂടെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ആ സംവിധാനം അപ്രാപ്യമാവും. കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ല.
ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒരു തിങ്ക് ടാങ്ക് ആക്കി ബോര്‍ഡിനെ മാറ്റും എന്ന പ്രസ്താവന, ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കി മാറ്റിയ മോദി സര്‍ക്കാരിന്റെ അതേ പാതയില്‍ യുഡിഎഫ് സര്‍ക്കാരും നീങ്ങുന്നു എന്നാണ് കാട്ടുന്നത്. നെഹ്റുവിയന്‍ വികസന കാഴ്ചപ്പാടിന്റെ പ്രധാന ഉപാധിയായ ആസൂത്രണത്തെ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് ഊറ്റം കൊള്ളുന്നവർ തന്നെ കുഴിച്ചുമൂടുന്ന കാഴ്ചയാണ് ബജറ്റില്‍ കണ്ടത്.
ആസൂത്രണ ബോർഡിനെ ദുർബലമാക്കുക എന്നതിൻ്റെ ആദ്യപടിയായി പദ്ധതിവിഹിതം 15 % വെട്ടിച്ചുരുക്കിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ 1533 കോടിയും പട്ടികജാതി വിഭാഗങ്ങൾക്കുള്ള സബ് പ്ലാൻ ഇനത്തിൽ 628 കോടിയും പട്ടികവർഗ വിഭാഗങ്ങൾക്ക് 153 കോടിയും പൊതുജന ആരോഗ്യത്തിന് 424 കോടിയും പൊതു വിദ്യാഭ്യാസത്തിൽ 200 കോടിയും ഗ്രാമീണ വ്യവസായ മേഖലയിൽ 100 കോടിയും മത്സ്യമേഖലയിൽ 38 കോടിയും പരമ്പരാഗത വ്യവസായത്തിലെ തൊഴിലാളികൾക്കുള്ള ഇൻസെന്റീവ് ഇനത്തിൽ 7 കോടിയും ആണ് വെട്ടിക്കുറവു വരുത്തിയിരിക്കുന്നത്.
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ (വൈൻ പോലുള്ളവ) മദ്യമുണ്ടാക്കാന്‍ ചെറുകിട മേഖലയെ അനുവദിക്കുന്നതായിരുന്നു കഴിഞ്ഞ പൊതു ബജറ്റിലെ സമീപനം. എന്നാല്‍, അത് ഭേദഗതി ചെയ്ത് വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതി നിരക്കിൽ കമ്പോളത്തിലിറക്കാനുള്ള വഴിവിട്ട നീക്കവും ബജറ്റിലുണ്ട്. മദ്യമേഖലയില്‍ വലിയ തോതില്‍ മദ്യ നിര്‍മ്മാണ കമ്പനികൾക്ക് ഇടപെടാനുള്ള അവസത്തിന് പുറമെ മദ്യ ഉപയോഗം കുത്തനെ വർദ്ധിക്കാനും ഇത് ഇട നൽകും. കൃഷി-ചെറുകിട വ്യവസായമേഖലയെ പരിരക്ഷിക്കാനുള്ള താല്‍പ്പര്യം കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന് വഴിമാറുന്നു. റബ്ബര്‍, നാളികേരം, നെല്ല് തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ ഒരു ആശ്വാസ നടപടിയും ഈ ബജറ്റിൽ ഇല്ല. റബ്ബറിന്റെ വില മാര്‍ക്കറ്റില്‍ 170 രൂപയായപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 200 രൂപ തറവില പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ 274 രൂപ വിലയുള്ളപ്പോഴാണ് ഈ ബജറ്റിൽ 250 രൂപ തറവില എന്ന തട്ടിപ്പ് പ്രഖ്യാപനം നടത്തിയത്.
കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് ചാലകശക്തിയായി നിലകൊണ്ട കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയെ പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കുമെന്ന പ്രഖ്യാപനത്തിന്റെ ഉദ്ദേശം പശ്ചാത്തല വികസന രംഗത്ത് ചാലക ശക്തിയായി നിലകൊണ്ട കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണ്. ഇതിനൊപ്പം ലൈഫ് പദ്ധതിയെ തകര്‍ക്കാനുള്ള ആലോചനകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് വ്യക്തമാവുന്നത്.
ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിലില്ല. എൽഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ ഒറ്റവരി പ്രസ്താവനയില്ല. കേന്ദ്രത്തിന്റെ ഉപരോധ സമാനമായ സാമ്പത്തിക വിവേചനം മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ധനനഷ്ടത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഒരു ബജറ്റ് പ്രസംഗം പൂർണ്ണമാവുക? ഈ കണ്ടില്ലെന്നു നടിക്കലിലെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടണം

